Friday, February 18, 2011

അടിമത്തം....


രക്തമിറ്റുന്ന ചിന്തകളില്‍
എന്റെ സ്വാതന്ത്ര ദാഹം
ഒളിഞ്ഞിരിക്കുന്നു.

പക്ഷെ,
ഞാനെത്രത്തോളം
അടിമത്തത്തിലേയ്ക്കു
നീങ്ങുകയാണെന്ന സത്യം
ഞാന്‍ ഉള്‍ക്കൊള്ളുന്നു.
''പ്ലാസ്റ്റിക് കണ്ണുള്ള അല്‍സേഷ്യന്‍ പട്ടി''യെ
ഞാന്‍ കാണുന്നുണ്ട്.്
എന്റെയുള്ളില്‍,
അതെന്നെത്തന്നെ
വികാരങ്ങളൊന്നുമില്ലതെ
നോക്കിയിരിക്കുന്നു.

അടിമത്തം എന്നെ ബന്ധിച്ചിരിക്കുന്നു,
ആ പ്ലാസ്റ്റിക് കണ്ണുകള്‍ മൂലമുണ്ടായ അടിമത്തം....


published in gulfmalayaly.com

വിപ്ലവകാരിയുടെ ഭാര്യ

നിന്റെ കണ്ണിന്റെ ചുവപ്പില്‍
വീണലിഞ്ഞ് നെഞ്ചില്‍
എന്റെ തലതാങ്ങി ഞാന്‍ മയങ്ങി.

സ്വപ്നത്തില്‍ നിന്റെ കൈപിടിച്ച്
അകലങ്ങളിലേയ്ക്ക് ഞാന്‍ നടന്നു
കട്ടിലിലെ, നരച്ച മുഖമുള്ള
നിന്റെ പിതാവിന്റെ ഒറ്റപ്പെടല്‍
ഞാന്‍ മനസ്സിലാക്കുന്നു.

വഴിയരികിലെ പലഹാരക്കടയില്‍
വില്‍ക്കുവാന്‍ വച്ച സ്വപ്നങ്ങള്‍
നിന്റെ അമ്മയുടേതാണെന്ന്
നിന്‍ മൗനം എന്നോട് മന്ത്രിച്ചു.

ചെന്നായ്ക്കളുടെ പിടിവലിയില്‍
എല്ലാം നഷ്ടമായ നിന്റെ-
അനുജത്തിക്ക് എന്റെ സ്നേഹം
ആശ്വാസമായോ എന്തോ...

നിന്റെ കണ്ണുകളിലെ മടുക്കാത്ത
വിപ്ലവച്ചൂട് എന്റെ
നെഞ്ചിലേയ്ക്കു പകര്‍ന്നപ്പോള്‍
ഞാന്‍ കരുതിയിരുന്നില്ലല്ലോ
എന്റെ ജീവിതം
എല്ലാവരാലും ഒറ്റപ്പെടുമെന്ന്.

എനിക്ക് നീ മതി
നിന്റെ വിപ്ലവം മതി
ആ തീജ്വാലയില്‍ എന്റെ
സ്വപ്നങ്ങളുടെ കടും വര്‍ണം നരച്ചാലും
മനസ്സിലെ കനലുകള്‍ ഞാന്‍
എപ്പോഴും ഊതി നീറ്റും
എന്റെ കണ്ണുകള്‍ നിന്റെ
നെഞ്ചകം പൊള്ളിച്ചപ്പോഴാകാം
നീ എന്നെ നിന്നില്‍ നിന്നടര്‍ത്തിയത്.

വെറുതേ, അറിയാതെ അടര്‍ന്ന
കണ്ണീര്‍ത്തുള്ളിയില്‍ എന്റെ
വേദനയുടെ ചൂട് നീ
തൊട്ടറിഞ്ഞെന്നെനിയ്ക്കറിയാം
കാരണം അതു നിന്റേതും കൂടിയായിരുന്നു
നിന്റെ വിപ്ലവത്തിന്റേതു കൂടിയായിരുന്നു.

published in vyganews.com

എന്‍റെ തപസ്സ്

ഞാന്‍ തപസ്സിലാണ്
വര്‍ഷങ്ങള്‍ നീണ്ട തപം
എരി വെയിലും മഴക്കുളിരും
പിന്നിട്ട്,
ഇടനാഴികള്‍ ബാക്കി വച്ച
സ്വപ്നങ്ങളും പേറി,
അഗ്നിയിലാളി,
മഞ്ഞിലുരുകി,
നീണ്ട തപം.
ആഗ്രഹങ്ങളില്‍ ഞാനൊരു കവിയാണ്.
അക്ഷരങ്ങളെ പെറുക്കിക്കൂട്ടി
ചേര്‍ത്തു വച്ചു,
ഉത്തരാധുനികമെന്ന് പേരും കൊടുത്തു.
ഞാന്‍ വാഴ്ത്തപ്പെട്ടവളായി
അവാര്‍ഡുകള്‍ എന്നെ
ടെലഫോണ്‍ വിളിച്ചു.
വാചകങ്ങള്‍ക്കുള്ളില്‍
വാക്കുകളില്ലാത്തു കൊണ്ട്,
എന്‍റെ കവിതയ്ക്കു മേല്‍
പ്രശംസകളേറെ വീണു.
ഗ്രാമത്തിലെ കവിക്കൂട്ടത്തില്
‍വാക്കുകളെ അമ്മാനമാടി,
ഒടുവില്‍ പുറത്തിറങ്ങിയപ്പോള്‍,
ആരും കാണാതെ ഓടയിലെറിഞ്ഞു.
അല്ലെങ്കില്‍,
ഒരു ചീഞ്ഞ നാറ്റം വരും.
ഒടുവില്‍,
ഇടപ്പള്ളിയില്‍ നിന്നൊരു
കയര്‍ നീണ്ടു വരുന്നു,
എന്‍റെ കഴുത്തിന്‍റെ നേര്‍ക്ക്.
അതിന്‍റെ ഒരറ്റത്ത്
കഴുത്തില്‍ വീണ കുരുക്കുമായ്
കുറേ വാക്കുകള്‍..........
എനിക്കു മടുത്തു,
ഈ ഓട്ടം
ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ
ഈ കയറിന്‍ തുമ്പത്താകുമ്പോള്‍ച
ങ്ങമ്പുഴയില്‍ നിന്നൊരു
പേന എനിക്കായ്
കാവ്യങ്ങള്‍ രചിക്കും.
അതില്‍ നിറയെ ഹൃദയം
മുറിഞ്ഞ അക്ഷരങ്ങളാകും.
എന്‍റെ തപം പൂര്‍ണ്ണമാകുന്നു.
എനിക്ക് കവിതയെഴുതണ്ട
ദൂരെ മരത്തണലില്
‍ചങ്ങമ്പുഴ ഇരുന്നു കരയുന്നു.
മുരളിക തീയിലിടുന്നു,
വാക്കുകള്‍ കത്തുന്നു.,
തണുത്ത ചാരം
വിലകൊടുത്തു വാങ്ങുന്ന
ഉത്തരാധുനികം
എനിക്കു കവിയാകണ്ട
നോവുകള്‍ നെഞ്ചിലിരുന്ന്
കത്തിപ്പടരട്ടെ,
അതില്‍ ഞാനും
ചാരമായ് പൊയ്ക്കൊള്ളട്ടെ
നാളെ ഉയിര്‍ത്തെഴുന്നേല്‍ക്കാം
മറ്റൊരു സ്വപ്നവുമായി.

published in vyganews.com