ഞാന്‍ തപസ്സിലാണ്
വര്‍ഷങ്ങള്‍ നീണ്ട തപം
എരി വെയിലും മഴക്കുളിരും
പിന്നിട്ട്,
ഇടനാഴികള്‍ ബാക്കി വച്ച
സ്വപ്നങ്ങളും പേറി,
അഗ്നിയിലാളി,
മഞ്ഞിലുരുകി,
നീണ്ട തപം.
ആഗ്രഹങ്ങളില്‍ ഞാനൊരു കവിയാണ്.
അക്ഷരങ്ങളെ പെറുക്കിക്കൂട്ടി
ചേര്‍ത്തു വച്ചു,
ഉത്തരാധുനികമെന്ന് പേരും കൊടുത്തു.
ഞാന്‍ വാഴ്ത്തപ്പെട്ടവളായി
അവാര്‍ഡുകള്‍ എന്നെ
ടെലഫോണ്‍ വിളിച്ചു.
വാചകങ്ങള്‍ക്കുള്ളില്‍
വാക്കുകളില്ലാത്തു കൊണ്ട്,
എന്‍റെ കവിതയ്ക്കു മേല്‍
പ്രശംസകളേറെ വീണു.
ഗ്രാമത്തിലെ കവിക്കൂട്ടത്തില്
വാക്കുകളെ അമ്മാനമാടി,
ഒടുവില്‍ പുറത്തിറങ്ങിയപ്പോള്‍,
ആരും കാണാതെ ഓടയിലെറിഞ്ഞു.
അല്ലെങ്കില്‍,
ഒരു ചീഞ്ഞ നാറ്റം വരും.
ഒടുവില്‍,
ഇടപ്പള്ളിയില്‍ നിന്നൊരു
കയര്‍ നീണ്ടു വരുന്നു,
എന്‍റെ കഴുത്തിന്‍റെ നേര്‍ക്ക്.
അതിന്‍റെ ഒരറ്റത്ത്
കഴുത്തില്‍ വീണ കുരുക്കുമായ്
കുറേ വാക്കുകള്‍..........
എനിക്കു മടുത്തു,
ഈ ഓട്ടം
ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ
ഈ കയറിന്‍ തുമ്പത്താകുമ്പോള്‍ച
ങ്ങമ്പുഴയില്‍ നിന്നൊരു
പേന എനിക്കായ്
കാവ്യങ്ങള്‍ രചിക്കും.
അതില്‍ നിറയെ ഹൃദയം
മുറിഞ്ഞ അക്ഷരങ്ങളാകും.
എന്‍റെ തപം പൂര്‍ണ്ണമാകുന്നു.
എനിക്ക് കവിതയെഴുതണ്ട
ദൂരെ മരത്തണലില്
ചങ്ങമ്പുഴ ഇരുന്നു കരയുന്നു.
മുരളിക തീയിലിടുന്നു,
വാക്കുകള്‍ കത്തുന്നു.,
തണുത്ത ചാരം
വിലകൊടുത്തു വാങ്ങുന്ന
ഉത്തരാധുനികം
എനിക്കു കവിയാകണ്ട
നോവുകള്‍ നെഞ്ചിലിരുന്ന്
കത്തിപ്പടരട്ടെ,
അതില്‍ ഞാനും
ചാരമായ് പൊയ്ക്കൊള്ളട്ടെ
നാളെ ഉയിര്‍ത്തെഴുന്നേല്‍ക്കാം
മറ്റൊരു സ്വപ്നവുമായി.
published in vyganews.com
No comments:
Post a Comment