Friday, February 18, 2011

വിപ്ലവകാരിയുടെ ഭാര്യ

നിന്റെ കണ്ണിന്റെ ചുവപ്പില്‍
വീണലിഞ്ഞ് നെഞ്ചില്‍
എന്റെ തലതാങ്ങി ഞാന്‍ മയങ്ങി.

സ്വപ്നത്തില്‍ നിന്റെ കൈപിടിച്ച്
അകലങ്ങളിലേയ്ക്ക് ഞാന്‍ നടന്നു
കട്ടിലിലെ, നരച്ച മുഖമുള്ള
നിന്റെ പിതാവിന്റെ ഒറ്റപ്പെടല്‍
ഞാന്‍ മനസ്സിലാക്കുന്നു.

വഴിയരികിലെ പലഹാരക്കടയില്‍
വില്‍ക്കുവാന്‍ വച്ച സ്വപ്നങ്ങള്‍
നിന്റെ അമ്മയുടേതാണെന്ന്
നിന്‍ മൗനം എന്നോട് മന്ത്രിച്ചു.

ചെന്നായ്ക്കളുടെ പിടിവലിയില്‍
എല്ലാം നഷ്ടമായ നിന്റെ-
അനുജത്തിക്ക് എന്റെ സ്നേഹം
ആശ്വാസമായോ എന്തോ...

നിന്റെ കണ്ണുകളിലെ മടുക്കാത്ത
വിപ്ലവച്ചൂട് എന്റെ
നെഞ്ചിലേയ്ക്കു പകര്‍ന്നപ്പോള്‍
ഞാന്‍ കരുതിയിരുന്നില്ലല്ലോ
എന്റെ ജീവിതം
എല്ലാവരാലും ഒറ്റപ്പെടുമെന്ന്.

എനിക്ക് നീ മതി
നിന്റെ വിപ്ലവം മതി
ആ തീജ്വാലയില്‍ എന്റെ
സ്വപ്നങ്ങളുടെ കടും വര്‍ണം നരച്ചാലും
മനസ്സിലെ കനലുകള്‍ ഞാന്‍
എപ്പോഴും ഊതി നീറ്റും
എന്റെ കണ്ണുകള്‍ നിന്റെ
നെഞ്ചകം പൊള്ളിച്ചപ്പോഴാകാം
നീ എന്നെ നിന്നില്‍ നിന്നടര്‍ത്തിയത്.

വെറുതേ, അറിയാതെ അടര്‍ന്ന
കണ്ണീര്‍ത്തുള്ളിയില്‍ എന്റെ
വേദനയുടെ ചൂട് നീ
തൊട്ടറിഞ്ഞെന്നെനിയ്ക്കറിയാം
കാരണം അതു നിന്റേതും കൂടിയായിരുന്നു
നിന്റെ വിപ്ലവത്തിന്റേതു കൂടിയായിരുന്നു.

published in vyganews.com

No comments: